Sunday, February 13, 2011

പിന്നെയും എന്തിന് ?


നടന്നുതുടങ്ങാം നമുക്കിനി
കടല്‍ക്കര, പാതിരാക്കുളിര്‍

പറയാന്‍ കരുതിയതൊക്കെയും
പലവഴി ചിതറിയെങ്കിലും
ചിലതുണ്ടോര്‍മ്മയായി നെഞ്ചിന്‍
ചെരുവിലെ പൂവിടാചെടികളായ്

മണല്‍ത്തരികളില്‍ മുന്നേ
നടന്നവന്റെ ചരിത്രമുദ്രകള്‍
നമ്മള്‍ കണ്ടപോലായിരം
ചിറകുകള്‍ സ്വപ്‌നത്തിലുള്ളവന്‍
മായിച്ചും പുതുതായി പതിച്ചും
പിന്നിലൊരാള്‍ക്കൂട്ടം, ഒരാരവം

കൂട്ടുകാരാ, വിരല്‍ത്തുമ്പുകൊണ്ട്
എന്തെഴുതാ,നിവിടെയിരിക്കുമ്പോള്‍
പട്ടുപോയ് പ്രണയം, ജീവിതം
മുങ്ങിമരിച്ചു മൗനവും വാക്കും
സൗഹൃദത്തിന്റെ കനല്‍ക്കൊള്ളികള്‍

പിന്നെയും എന്തിനായി പോന്നു
ഇന്നലെ ഇനിയില്ല, സ്മൃതിഭാരം
താങ്ങാന്‍ തലച്ചോറിലിടമില്ല
നിനക്കു നല്‍കാനഭയവുമില്ല

ഞാനോ തപ്തന്‍, കടല്‍ക്കരയില്‍
പുതിയതൊന്നും പറയാനില്ലാതെ
തണുത്തു വിയര്‍ക്കുന്നവന്‍

ഒന്നും കേള്‍ക്കേണ്ടതില്ല, നിനക്കു
കാലം വിധിച്ച ആഴവും ചുഴിയും
അകലെ നമ്മുടെ വഞ്ചികളിലെ വെട്ടം
ആറിത്തണുത്തുറങ്ങും മുമ്പേ
കാത്തിരിക്കുന്നുണ്ടു യാന്ത്രികം ജീവിതം

2 comments:

  1. വളരെ വിത്യസ്തമായി വേറിട്ടുനില്‍ക്കുന്ന വാക്കുകള്‍..വിവേകത്തോടെയുള്ള ഒരു വിഷാദഭാവം..

    ReplyDelete
  2. ഇഷ്ടപ്പെട്ടു.....

    ReplyDelete