Tuesday, November 23, 2010

ചതുരംഗം
ജീവിതം പോരാഞ്ഞു
പിന്നെയും നീയെന്റെ
കരുക്കളെ എയ്‌തൊടുക്കുമ്പോള്‍

അവസാന ചലനം
നിലയ്ക്കുന്നതിന്‍ മുമ്പായി
പാറിപ്പറപ്പിച്ച വെണ്‍പതാക

നിശ്ചല നിശബ്ദ
സങ്കീര്‍ത്തനത്തിന്റെ
നീലാകാശത്തില്‍
അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

ഇനിയെനിക്കില്ല
നീക്കങ്ങള്‍, നിന്റെ
തേരാളി വാള്‍വീശിയടുക്കുന്നു

കൊയ്‌തെടുക്കും മുമ്പ്
വേവും തലച്ചോറിന്‍
ഒച്ച കേള്‍ക്കാനെങ്കിലും
കാതുകള്‍ ബാക്കിയാക്കുക.

Saturday, November 13, 2010

കടല്‍ ജീവിതം

അസ്തമയത്തിനു മുമ്പ്
ചെങ്കുത്തായ കുന്നിനു താഴെ
മണല്‍ വിരിപ്പില്‍
ജീവിതാഘോഷം

അരഞ്ഞ കുറിഞ്ഞികള്‍
ആഹ്ലാദം നഷ്ടമായ മഴപ്പാറ്റല്‍
നിറം തെളിയാത്ത ഓര്‍മ്മ

ശബ്ദമില്ലാതെ അടുത്തെത്തി
കണ്ണുപൊത്താന്‍ ശ്രമിക്കുമ്പോഴും
ഓരോ തിരയും തിരയുന്നതില്‍
കണ്ടെത്താനാവാതെ പോകുന്നു
ഇപ്പോഴും ജീവിതം.

(http://saikatham.com oct 2010 issue)

Wednesday, October 13, 2010

രേഖകള്‍
അലസമായ
അവസാനവാക്കിനും മുമ്പ്‌
പ്രണയപൂര്‍വം വരച്ചിട്ട രേഖയില്‍
ചോരയിറ്റുന്നു.

കറുകറുത്തു പെയ്യുന്ന
മഴ നിന്റെ പ്രാണന്റെ
കുരിശു ചുമക്കുന്നു

സമാന്തരം,
നമ്മള്‍ ഒരോ വാക്കിലും
രണ്ടാവാന്‍ വിധിച്ചവര്‍

ഇനിയൊരിക്കലും
കൈമാറാനിടയില്ലാത്ത
ചുംബനത്തിന്റെ പേരില്‍
പരസ്‌പരം നമുക്ക്‌
മാപ്പെങ്കിലും ഇരക്കാം...

Monday, October 4, 2010

ഇന്ന്‌


കുഴഞ്ഞു മറിഞ്ഞ ഇന്ന്‌
വേവുന്ന പനിച്ചൂടില്‍
ഹൃദയം പിളര്‍ന്നെത്തുന്ന
വെറുംവാക്കുകള്‍ക്കായി
ഒരു ചെവിയും കാത്തിരിക്കുന്നില്ല.

അടിവസ്ത്രത്തിന്റെ അതിരുകളില്‍
ഒരു പ്രണയത്തിന്റെ വിങ്ങല്‍

പുലരിതോറും
പെയ്യാന്‍ മടിക്കുന്ന മഞ്ഞില്‍
വസന്തത്തിന്റെ ചെകുത്താന്‍
ഉറങ്ങുന്നുണ്ടാവണം.

കരിമ്പടത്തിന്റെ ഇരുട്ടും ഭേദിച്ച്‌
ഒരു വിരലും എന്നെത്തിരയുന്നില്ലല്ലോ.

(jayakeralam.com 21/9/2010)

പ്രണയബാല്യം

നിന്‍റെ വരവ്‌
നിശബ്ദമായൊരാഹ്ലാദം
എന്‍റെ പിണക്കം.

ഇണക്കത്തിന്‍റെ ആരവങ്ങളില്‍
നമ്മള്‍ വീടുകെട്ടി
അടുക്കള പുകച്ചു
ചിരട്ടത്രാസില്‍
ജീവിതം അളന്നു.

ചെകുത്താന്‍ രാത്രികള്‍

കൂട്ടുമുറുകുമ്പോള്‍
പകലുകള്‍ പായുന്നു.

എന്‍റെ ഇഷ്ടിക ബസുകള്‍
വളവു തിരിയുമ്പോള്‍
പുളിങ്കൊമ്പിലെ ഊഞ്ഞാലില്‍
നീ യാത്രയൊരുക്കങ്ങള്‍
പറഞ്ഞു കൊതിപ്പിക്കും.

വഴിയരികില്‍ നിന്ന്‌
കൈവീശിക്കാണിക്കുമ്പോള്‍
നീയിരുന്ന സീറ്റാണ്‌
മനസുനിറയെ.

നീ കയറിപ്പോയ ബസില്‍
ഞാന്‍ വീണ്ടും

നീയിരുന്ന സീറ്റില്‍
ഇരിക്കെ
നിറവിന്‍റെ അനുഭവം
പ്രണയമായിരുന്നിരിക്കണം.

(may 2009)

വഴിയും വിരലും

ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കെ
അപ്രത്യക്ഷമായ വഴി
വിരലിന്‍റെ വേദനയാകുന്നു

അടയാളങ്ങളൊന്നും
അവശേഷിപ്പിക്കാതെയാണ്‌
വഴി ഇല്ലാതായത്‌.

ആദ്യമാദ്യം
നേര്‍ത്ത വിറയല്‍

വിരല്‍ വിയര്‍ക്കുന്നു

അവസാനത്തെ വാക്കിനും
തൊട്ടുമുമ്പു കണ്ട സ്വപ്‌നത്തില്‍
വഴി തെളിഞ്ഞിരുന്നു

തെറ്റിയ ദിശാസൂചി
ഘടികാരം
വാക്ക്‌

വഴിയില്ലായ്‌മയുടെ
ശൂന്യതയില്‍ ചാടി
ചൂണ്ടുവിരലും
അപ്രത്യക്ഷമായി

ദക്ഷിണ നല്‍കാന്‍
കരുതിവെച്ച
മറ്റൊരു വിരല്‍
വഴി കണ്ടെത്തിയിട്ടും
ചൂണ്ടാനാവാതെ....

(may 2009)

ഒരിടംതിരഞ്ഞുവന്ന ഒരിടം
വീണ്ടെടുക്കാനാവാത്ത വിധം
ഒലിച്ചുപൊയി

ഈ രാത്രിയില്‍
എല്ലാ നിലവിളികളെയും
പൊത്തിപ്പിടിച്ച്‌
തിരിച്ചുനടക്കണം

പകല്‍ദൂരത്തിനപ്പുറം
വേറൊരിടമുണ്ടാകും
പ്രളയകാലം കാത്ത്‌
ഒലിച്ചിറങ്ങാന്‍
അതിനു മുമ്പേ
അവിടം പറ്റണം

അതുവരെ,
ഇടം കണ്ടെത്തിയവര്‍
വരണ്ട മണ്‍മീതെ
ദാഹിച്ചിരിക്കുന്നുവെന്നത്‌
ഓര്‍ക്കാതിരിക്കണം

(പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌-2007)

വിരഹം

രാക്കറുപ്പിന്റെ കമ്പളം
നിന്റെയോര്‍മ്മത്തണുപ്പിനെ
മൂടിപ്പുതപ്പിച്ച്
ചൂടൊരുക്കുന്നു

ഒടുവില്‍ ശേഷിക്കുന്നത്…

പൈതലേ,
നിന്റെ പിടയുന്ന ചിറകില്‍ നിന്നൊരു തൂവല്‍
ഉയിരിന്റെ നിലവിളിയായ്‌ പടരുന്നു

നനുത്ത വിലാപമായി ഋതുഭേദങ്ങളിലൂടെ
നീയെന്റെ പ്രാണനെ കൊത്തിവലിക്കുന്നു

രാത്രികളില്‍ ഭൂതപ്പേടിയില്‍
നീ ഞെട്ടിയുണരുന്നതും
ഇറ്റു വെള്ളത്തിനായി കൊക്കു വിതുമ്പുന്നതും
എന്റെ താരാട്ടിന്റെ മഴയൊച്ചയില്‍
മെല്ലെ നീയുറങ്ങുന്നതും
പുലര്‍വെളിച്ചത്തില്‍ നിന്റെ
കണ്ണു തിളങ്ങുന്നതും
നെഞ്ചു തകര്‍ക്കുമോര്‍മായാകുന്നു

ചിറകു വിടരുന്നതും
ആദ്യ ചുവടിലിടറുന്നും
പതിയേ പറക്കുന്നതും
കാഴ്ചയില്‍ വിറങ്ങലിക്കുന്നു

കൊഞ്ചലിന്റെ അവസാന നിശ്വാസത്തില്‍
എന്റെ മെല്ലിച്ച വിരലുകളില്‍ നിന്ന്‌
നീയൂര്‍ന്ന്‌ പോയി

പൈതലേ,
ആകാശമെല്ലാം നിനക്കു സ്വന്തം
ഞാനോ ഇപ്പോഴും ഭൂമിക്കു കാവലിരിക്കുന്നു

ഇടം

കാണാമറയത്തെ
ഒരു ബിന്ദുവില്‍ നിന്നു തുടങ്ങിയ
അനന്തമായ നേര്‍രേഖാസഞ്ചാരംസമാന്തരമായ
ഇടവഴികളുടെ
മൌനാന്വേഷണങ്ങള്‍ ….

വഴിവിളക്കുകളും
ദിശാ സൂചികളും
വിങ്ങുന്ന വേദനയാകുമ്പോള്‍
കണ്ണുകള്‍ തേങ്ങുന്നുഅനന്തതയില്‍
മറ്റൊരു ബിന്ദു
ഇടമൊരുക്കി
കാത്തിരിക്കുകയാവും

നീണ്ടു നീണ്ട
യുഗങ്ങള്‍ താണ്ടിയിട്ടും
പാദമുദ്രകള്‍ തോറും
പൊള്ളുന്ന പനിയുമായി
അക്ഷരങ്ങള്‍..

ആദ്യകുര്‍ബാന സ്വീകരിച്ച
ചെകുത്താന്റെ കാതില്‍
ആരോതാന്‍
ഒരല്പം വേദം ?

പ്രണയം

ഭ്രമണപഥത്തിലേക്ക്

നേര്‍രേഖയിലൂടെ

ഒരു യാത്ര.


നിശബ്ദമായ ഒരു വിസ്ഫോടനം

ചീളുകളായി ചിതറിത്തെറിച്ച്

അനന്തതയില്‍ വിലയം


എവിടെയോ

ഒരു പ്രകാശബിന്ദു

ആര്‍ക്കോ വേണ്ടി

കരയുന്നുണ്ടാവാം


ഏല്ലാം മഹാമൌനത്തിന്റെ

വിലാപത്തില്‍ അടങ്ങിയിരിക്കുന്നു


ഞാന്‍ അടയിരിക്കുന്നതു

ഏതു മുട്ടക്കു ചിറകു മുളക്കുന്നതിനോ…!

മടക്കം

തെരുവില്‍ നിന്നും
അവസാനത്തെ നിലവിളിയും
നിലച്ച ശേഷമായിരിക്കും
എന്റെ മടക്കം

മീന്‍മണമുള്ള മഴയെക്കുറിച്ച്‌
ആഴ്ചയൊന്നായി നശിച്ച മഴയെന്ന്‌

ഉമ്മറത്തമ്മാവന്റെ പ്‌രാക്ക്‌

മാസം മുമ്പിതേ നാവൊരു

മഴ പെയ്തെങ്കിലെന്ന്‌ പറഞ്ഞിരുന്നു


പാതിരാക്കാണ്‌ അമ്മ വിളിച്ചുണര്‍ത്തിയത്‌

തെക്കേപാടത്ത്‌ പുഴവെള്ളമെത്തി


ഇടിമിന്നല്‍ വെട്ടത്തില്‍ പുറത്തേക്ക്‌

ചേമ്പിലയാല്‍ തലമറച്ച്‌

വരമ്പുകളിലൂടെ വഴുക്കാതെ

ഞങ്ങളെത്രപേര്‍ എത്രകാലംചാലിലൂടെ മലവെള്ളത്തില്‍

കല്ലുരുളുന്ന ശബ്ദം

ഇരുളില്‍ കനക്കുന്ന ഭീതിയോരത്ത്‌

മീന്‍ചാട്ടങ്ങളുടെ നിറവ്‌ചെളിവെള്ളം നിറഞ്ഞ പാടത്തിറങ്ങുമ്പോള്‍

സൂക്ഷിച്ചെന്ന്‌ അമ്മയുടെ കണ്ണുകള്‍

ഞണ്ടിനെ കണ്ട്‌ പേടിച്ച്‌ അമ്മായിയുടെ

സാരിത്തുമ്പില്‍ തൂങ്ങുന്ന പെങ്ങള്‍ഞങ്ങള്‍ വരമ്പോരത്ത്‌ ചെളിയില്‍

കൈപൊത്തിയമര്‍ത്തുമ്പോള്‍

തോളിലെ തോര്‍ത്തുകളില്‍

കല്ലേമുട്ടിയായും വാളയായും പരലായും

മീന്‍പിടച്ചിലുകള്‍അതിരാവിലെ ചോലയില്‍ വെച്ച ഒറ്റലില്‍

നീര്‍ക്കോലിയെക്കണ്ടെത്തികല്ലടുപ്പില്‍ ചുട്ടെടുത്ത മീനുകള്‍ക്ക്‌

സ്വാദുണ്ടെന്ന്‌ ജ്യേഷ്ഠന്റെ സാക്ഷ്യപത്രം

ചുട്ടെടുത്ത ഞണ്ടിന്‍ കാല്‍

തിന്നേണ്ടതെങ്ങിനെയെന്ന്‌ പാഠം

എല്ലാമറിയാമെന്ന അഹങ്കാരത്തിലാണ്‌ ജ്യേഷ്ഠന്‍ഞണ്ടിന്റെ വയര്‍ തുറന്നപ്പോള്‍

കുഞ്ഞുങ്ങളുടെ പടയിറക്കംഅടുക്കളയില്‍ മീന്‍ നന്നാക്കുന്ന

അമ്മക്കും അമ്മായിക്കും മുത്തശ്ശിക്കും പറയാന്‍

അയല്‍വക്കക്കാര്‍ക്കു കിട്ടിയ മീനിന്റെ കഥകള്‍

ഇത്തവണ മേലേ വീട്ടുകാര്‍ക്ക്‌ കുറേ കിട്ടിയത്രെ

താഴേ വീട്ടുകാരുടെ ഒറ്റല്‍ തകര്‍ന്നു

ഇടയില്‍ ഉപ്പിലിടേണ്ട മീനിന്റെ

കനത്തേക്കുറിച്ച്‌ അമ്മാവന്‍ ഓര്‍മ്മിപ്പിക്കുന്നു


മീന്‍മണക്കുമോര്‍മകള്‍ തീര്‍ന്നുദൂരെ പാടത്ത്‌ മഴയിലും കാറ്റിലും ചാഞ്ഞ

ഒരു തെങ്ങിനപ്പുറം, മണ്ണിടിഞ്ഞ ചോലവക്കില്‍

ഇപ്പോഴും രണ്ട്‌ പേരക്കാ മരങ്ങളുണ്ടാവണം

വേനലില്‍ ചൂണ്ടയിട്ടിരുന്ന കുളം നിറഞ്ഞിരിക്കണം

അടക്കാമരങ്ങളിലെ കിളിക്കൂടുകള്‍ നനയുന്നുണ്ടാവണം

കണ്ണിമാവിന്റെ ചോട്ടില്‍ കളിവീടുകളുണ്ടായിരുന്നിരിക്കണം

ഈ മഴക്കും അവ തകര്‍ന്നിരിക്കുംനഷ്ടപ്പെട്ടെന്നു കരുതിയതായിരുന്നു,

എന്റെ ബാല്യം കടമെടുത്ത്‌ ഇപ്പോഴും

അവിടെയുണ്ടാരൊക്കെയോ..ഒരു മഴ കൂടി വരുന്നുണ്ട്‌

വയല്‍ വരമ്പില്‍ വഴുക്കാതെ

എനിക്കു പകരം ആരോ…(പുഴ.കോമില്‍ പ്രസിദ്ധീകരിച്ചു വന്നത് - 2007)