Tuesday, June 19, 2012

ഒന്നിച്ചൊരു മഴഒരു പാതിരാമഴയില്‍
ചിറകടിച്ചെത്തി
നീയെന്റെ ചുണ്ടുകളില്‍ നിന്നു
ചുരത്തിയെടുത്ത പ്രണയം
കൂര്‍ത്ത തണുപ്പിലും
വിയര്‍ത്തു നനയുന്നു

ഏതു നിശബ്ദതയില്‍ നിന്നാണ്
വരുന്നതെന്നോ
മറ്റേതു മൗനത്തിലാണ്
അലിയുന്നതെന്നോ
പരസ്പരം തിരക്കിയതേയില്ല

നമുക്കടുത്തായി
ഒരു പുഴയുണ്ടായിരുന്നു
തീരം നിറയെ വെളുത്ത പൂക്കളും

വിരലുകളില്‍ സംഗീതവും
കണ്ണുകളില്‍ സാന്ത്വനവും
നെഞ്ചിടിപ്പില്‍
ഓര്‍മ്മകളുമുണ്ടായിരുന്നു

ആലിംഗനങ്ങള്‍
ഇടിമുഴക്കങ്ങളായി
ആകാശം നിറയെ
നമ്മളില്‍ നിന്നുതെറിച്ച
മിന്നല്‍പ്പിണരുകള്‍

ഒന്നിച്ചൊരു മഴയായി പെയ്ത്
ഒഴുകാന്‍ തുടങ്ങുമ്പോള്‍
നമ്മളെ കാത്തിരിപ്പുണ്ടായിരുന്നു
കര കവിഞ്ഞൊഴുകുന്ന പുഴ
കടലോളം പ്രണയവുമായി

Friday, April 20, 2012

ഉറക്കത്തിനും പകലിനുമിടയില്‍രാവേറുന്നു നിശബ്ദം

മഞ്ഞില്‍ നനഞ്ഞ കഴുമരം
നിന്റെ കണ്‍വെട്ടത്തില്‍
ജീവന്റെ ചൂടു തേടുന്നു

നടന്നു തീര്‍ന്നതാവാമിത്രയും
വഴികള്‍; മറന്നതേയില്ല
കണ്ണുകള്‍ കോര്‍ത്ത സന്ധ്യകള്‍

രാവു കനക്കുന്നു

ദൂരമറിയാത്ത
വഴികള്‍ക്കപ്പുറം നിന്നും
ഒരു വിരല്‍ത്തുമ്പിന്റെ
തീവ്രസാന്ത്വനം തിരഞ്ഞുപോയവര്‍
മടക്കയാത്രക്കു മുന്‍പേ
കാറ്റിനൊപ്പം പോന്നിരുന്നെങ്കില്‍

രാവു മരിക്കുന്നു

നെഞ്ചിടിപ്പുകളിണചേര്‍ന്ന
പകലറുതികളോര്‍മ്മയില്‍
തിളച്ചു പൊങ്ങുമ്പൊളെപ്പോഴോ
കറുത്ത തിരശീലക്കു മേല്‍
കാഴ്ചകളുടയുന്നു

Wednesday, April 11, 2012

ഒറ്റമരത്തിന്റെ രാത്രിനീ വീണിടത്തു നിന്നും
ചിറകടിച്ചുയര്‍ന്ന കരിങ്കാക്കകള്‍
പറന്നു ചെന്നെത്തുക
നീല രാത്രിയുടെ കൊമ്പില്‍
തളര്‍ന്നിരുന്നുറങ്ങുന്ന
ഓര്‍മ്മകളിലേക്കായിരിക്കും

സാധ്യതക്കും 
അനിശ്ചിതത്വത്തിനുമിടയില്‍
കൂടൊരുക്കാന്‍ മറന്നുപോയവര്‍
ഇന്നലെകളുടെ തൂക്കുപാലം കടന്ന്
നിശബ്ദതയിലേക്ക് എത്തിക്കൊണ്ടിരിക്കും

ഋതുഭേദങ്ങളുടെ ഹൃദയം പിളര്‍ന്ന്
ആദ്യമെത്തുക ആരായിരിക്കും ?

വസന്തമാവില്ലെന്നുറപ്പ്

അടുത്ത പകലെത്തും വരെ
നഷ്ടപ്പെടലുകളില്‍ നിന്നും
മുളച്ചു പൊന്തിയ ഒറ്റമരം
വിഭ്രാന്തിയുടെ തീനാളങ്ങളില്‍
പട്ടുപോകാതിരുന്നെങ്കില്‍..

Sunday, January 1, 2012

വിധിയെഴുത്ത്
മഴയില്‍ പിടിച്ചുകയറി
മേഘത്തിലെത്താമെന്നും

മിന്നലിലൂടെ
തെന്നാതെ നടന്നാല്‍
നക്ഷത്രങ്ങളെ തൊടാമെന്നും

കാറ്റിലൂടെ തിരിച്ചിറങ്ങുമ്പോള്‍
കുഞ്ഞുങ്ങള്‍ പറത്തുന്ന
പട്ടങ്ങളെ ഉപദ്രവിക്കരുതെന്നും

ആവര്‍ത്തിച്ചുറപ്പിച്ചു
കാത്തിരുന്നിട്ടും

ഭൂമിക്കുള്ളില്‍ നിന്നും
വേരും ഞരമ്പും താണ്ടി

പൂമൊട്ടുകളുടെ
വിലാപങ്ങളില്‍
മഞ്ഞുകണമായി
നിറയാനായിരുന്നു വിധി

സൂര്യന്റെ പ്രണയം
വിരിയുന്ന മൊട്ടുകളെ
കാത്തിരിപ്പുണ്ടാവും

ആദ്യത്തെ ചുംബനത്തില്‍
പൂക്കള്‍ ജ്വലിക്കുമ്പോള്‍
ശൂന്യതയിലേക്കു ഞാന്‍
വിലയം പ്രാപിച്ചേക്കാം

കുട്ടികളുടെ പട്ടങ്ങളിലൂടെ
ആകാശം
ഭൂമിയിലേക്കിറങ്ങാന്‍
കൊതിക്കുമ്പോള്‍

നൂലറ്റത്തു നെഞ്ചിടിപ്പോടെ
എന്റെ നിശ്വാസങ്ങള്‍
കാത്തിരിപ്പുണ്ടാവും