Friday, December 2, 2011

മഞ്ഞ


രാപ്പകലുകള്‍
 പെറ്റുവീഴും മുന്‍പ്
 മഞ്ഞയായിരുന്നെങ്ങും.

 കാലാന്തരത്തില്‍
 മഞ്ഞയെല്ലാം
 സൂര്യന്‍ വിഴുങ്ങി

 അതുവരെ
 കറുപ്പോ വെളിച്ചമോ
 ഉണ്ടായിരുന്നില്ല.

 പിന്നെ പകലുകളെത്തി
 മഞ്ഞ വെയിലും

 ചന്ദ്രബിബം,
 കടംവാങ്ങിയ മഞ്ഞയുമായി
 രാത്രികളെ ഉണര്‍ത്തി

 സൂര്യനോടു പൊരുതി
 ശേഷിച്ചവര്‍
 സൂര്യകാന്തിപ്പൂക്കളായി

 നീയും
 ഞാനുമെല്ലാം
 മഞ്ഞയായത്
 പിന്നെയും
 ഒരുപാടു കാലം
 കഴിഞ്ഞായിരുന്നു..

Tuesday, November 29, 2011

അവസാനംഎല്ലാ പൂക്കളും
പുഴകളും
സന്ധ്യകളും
മേഘങ്ങളും
നക്ഷത്രങ്ങളും
മരങ്ങളും
പുല്‍ച്ചെടികളും
ഇപ്പോള്‍
വിട്ടകന്നതേയുള്ളൂ...

ആകാശത്തിന്റെ 
മരണവും
സമുദ്രത്തിന്റെ
തിരോധാനവും
നിമിത്തങ്ങള്‍
മാത്രമായിരുന്നു.

ഇവിടെയീ
ദിശാസൂചിയുടെ
ചെരുവിലായിരുന്നു
നമ്മുടെ പ്രാവുകള്‍,
ഇത്തിരി മുമ്പേ
കൂടുകള്‍ ഭേദിച്ച്
സ്വതന്ത്രരായി

പറക്കാന്‍ 
ആകാശമില്ലാതെ
അവരെന്തു ചെയ്യാന്‍

ചിറകുകള്‍
അഗ്നിപര്‍വതങ്ങളില്‍
ഹോമിച്ച്
കരിഞ്ഞ ഉടലോടെ
എന്റെ സ്വര്‍ഗം
തിരഞ്ഞു വന്നു.

അല്പം മുന്‍പല്ലേ
ഞാനും ഇവിടെ നിന്നു
നിഷ്‌കാസിതനായത്.

ഇനിയുടല്‍
കരിഞ്ഞാല്‍
എനിക്കും
അവര്‍ക്കൊപ്പം ചേരാം.

വസന്തത്തിന്റെ
തീന്‍മേശകള്‍
ശൂന്യമായിക്കഴിഞ്ഞു.

ഇനി ഋതുഭേദങ്ങളില്ല
രാപ്പകലുകളില്ല
ഓര്‍മ്മകളോ 
സ്വപ്നങ്ങളോ ഇല്ല

എരിഞ്ഞമര്‍ന്നതൊന്നും
തിരിച്ചെത്താനിടയില്ല
ചാരക്കൂമ്പാരങ്ങളില്‍
നിന്നു ചിറകുകളോ
ആകാശം തന്നെയോ
പൊന്തി വന്നേക്കില്ല

എങ്കിലും 
ഉറവ വറ്റാത്ത
കണ്ണുകളില്‍ നിന്നും
കാലദേശങ്ങള്‍ കടന്ന്
ഒരു നീര്‍ത്തുള്ളി
നമുക്കിടയിലെ
മൗനത്തിലേക്ക്
കിനിഞ്ഞിറങ്ങും

അതിന്റെ 
പൊള്ളുന്ന തണുപ്പില്‍
ഞാനോ നീയോ
പിടഞ്ഞെണീറ്റേക്കാം...

Sunday, July 10, 2011

ചോദ്യങ്ങള്‍തടവറകളുടെ അരുകില്‍ നിന്നും
സ്വാതന്ത്ര്യം സ്വപ്‌നം കാണുന്നവര്‍
ഏകാന്തതയുടെ ജീവപര്യന്തത്തെ
ഓര്‍മ്മിക്കുന്നതേയില്ല.

ചങ്ങല മുറുകിയ വ്രണങ്ങളില്‍ നിന്നും
ഈച്ചകളുടെ ചിറകൊച്ചകള്‍

വാതില്‍ കൊട്ടിയടക്കുന്ന
ആതുരാലയങ്ങള്‍

മുറിഞ്ഞ നെഞ്ചില്‍ നിന്നും
ഇന്നലെയുടെ പ്രാര്‍ഥനകള്‍

ചുവരില്‍
ഋതുഭേദങ്ങളൊഴിഞ്ഞ
മരവിച്ച കലണ്ടര്‍

ശൂന്യത ബാക്കിയാക്കി
കൂരിരുട്ടിന്റെ പകലുകള്‍...

നിനക്കോ, കീഴടക്കാന്‍
ആസക്തിയുടെ ചക്രവാളങ്ങള്‍

എല്ലാം മറക്കാന്‍
ലഹരിയുടെ ഉത്സവം
ഉന്മാദത്തിന്റെ അലര്‍ച്ച
സാന്ത്വനത്തിന്റെ തലോടല്‍
സൗഹൃദങ്ങളുടെ തണല്‍

എന്നിട്ടും ശമനമില്ലെങ്കില്‍
ഒറ്റക്കിരുന്നുള്ള തേങ്ങല്‍

ഇവിടെ നഗരം
വിശന്നു വിഴുങ്ങാനടുക്കുമ്പോള്‍
ജീവിതം നെഞ്ചോടടുക്കി
ഞാന്‍ നിര്‍ത്താതെ പായുന്നു

ഇതിനിടയിലെപ്പോള്‍
ഒറ്റക്കിരിക്കും
നിന്നെയോര്‍ക്കും
മിഴിനീരൊഴുക്കും

Monday, July 4, 2011

ശിക്ഷയും വിധിയും
തുറുങ്കില്‍ക്കിടക്കുമ്പോള്‍
ഒരേ സമയം
ഒരു സ്വപ്‌നം കണ്ടതിനാവും
ഗളച്ഛേദത്തിനുത്തരവുണ്ടായത്‌

ഴികള്‍ക്കിടയിലൂടെ
നൂഴ്‌ന്നിറങ്ങാനാവുമെങ്കില്‍

മുറ്റത്തെ ഒറ്റമരം കയറി
ആകാശം തൊടാം

പൂര്‍വപാതകളിലൂടോടി
കാത്തുനില്‍ക്കുന്ന
അവസാനകപ്പലില്‍ക്കയറാം

ഓര്‍മ്മകളെ വകഞ്ഞ്‌
അഗ്നിപര്‍വതങ്ങളില്‍
അഭയം തിരയാം

മൗനം മുറുക്കി
ആത്മഹത്യ ചെയ്യാം

മുദ്രാവാക്യം നിലച്ച
തെരുവുകളില്‍ ഭ്രാന്തനാവാം

ചോര കട്ടപിടിച്ച
ഇന്നലെകളുടെ ഭിത്തിയില്‍
വാലു മുറിക്കാത്ത പല്ലിയാവാം

എങ്കിലുമിതിനുള്ളിലെ
പൊള്ളിക്കുമേകാന്തതയില്‍
ജീവിതം വിതക്കാനാവുന്നുണ്ടല്ലോ...

രണ്ടു ധ്രുവങ്ങളിലെങ്കിലും
സ്വപ്‌നങ്ങളെങ്കിലും
നമുക്കു കൊയ്യാന്‍
ബാക്കിയാവുന്നുണ്ടല്ലോ...

Sunday, June 26, 2011

അകാലവാര്‍ധക്യംനരവീണു
തുടങ്ങിയിരിക്കുന്നു

കവലയില്‍ ജീര്‍ണിച്ച ഓര്‍മ്മകള്‍
രാപ്പകലുകള്‍ നീണ്ടു തുടങ്ങുന്നു
വിറയ്ക്കുന്നു വിരലുകള്‍, വിഷാദങ്ങള്‍
വഴിമായ്ച്ചു തിമിരം തിമര്‍ക്കുന്നു
ചുളിഞ്ഞ കണ്‍തടങ്ങളില്‍
നഷ്ടപ്പെടലിന്റെ നീരൊഴുക്കു തുടരുന്നു

ഊന്നുവടിയില്ലാത്ത സന്ധ്യകള്‍
മരവിച്ച കാത്തിരിപ്പുകള്‍
ചോര പെയ്യുന്ന മുകിലുകള്‍
ഒറ്റയാക്കുന്ന മതിലുകള്‍

ഒരു മഴപോലും കൂട്ടിരിക്കാതെ
വെയില്‍ സ്പര്‍ശമില്ലാതെ
മഞ്ഞിന്റെ നനവില്ലാതെ
നിറുകയിലെ വെള്ളിവരകള്‍

മറപിടിക്കാന്‍ കാറ്റില്ല
കൂട്ടിരിക്കാന്‍ കിനാക്കളില്ല
വഴി നിറയെ താരട്ടുപാട്ടുകള്‍
പിന്‍വിളികള്‍, പടിയിറക്കങ്ങള്‍
വെളിപാടിന്റെ ഇടിമുഴക്കങ്ങള്‍

വൃദ്ധനായിരിക്കുന്നു
അവസാനിക്കാനൊരുങ്ങുന്നു
കുരുതിക്കു മുമ്പേ
എനിക്കും കരുതുക
ജീവിതാസക്തി!

Wednesday, May 18, 2011

ഇനിയെങ്ങിനെ, എങ്ങോട്ട് ?


നോക്കിനോക്കിയിരിക്കെ
പതുക്കെ നമ്മളില്ലാതാവുന്നു
ഞാന്‍ സൂര്യപ്രകാശത്തിലും
നീ മഞ്ഞുതുള്ളിയിലും
അലിഞ്ഞലിഞ്ഞ്
മറഞ്ഞുപോകുന്നു

നിന്നെക്കാത്തിരിക്കാന്‍
പുല്‍ക്കൊടിത്തലപ്പുകള്‍
പുലരികള്‍, ശലഭങ്ങള്‍
സങ്കീര്‍ത്തനം പാടി
പേരറിയാക്കിളികള്‍

ഞാനോ, സൂര്യനേത്രം പിളര്‍ന്ന്
ലാവാപ്രവാഹമായി
ദുരിതമൗനങ്ങളിലൂടെ
ഉരുകിയു,മുരുക്കിയും
നിന്നെത്തിരഞ്ഞെത്തുന്നു

വിരല്‍സ്പര്‍ശമെത്തും മുന്‍പേ
അനന്തതയില്‍ നിന്റെ വിലയം
മോക്ഷനിരാസത്തിന്റെ പകലുകള്‍
ദിവസങ്ങളുടെ ഇലപൊഴിച്ചില്‍

ഋതുഭേദങ്ങളിലൂടെ
നിലവിളിച്ചോടുമ്പോള്‍
കാലിടറിയെത്ര വീഴ്ചകള്‍
ഭ്രാന്തരൂപകങ്ങളില്‍തട്ടി
ചോരയിറ്റുന്ന മുറിവുകള്‍

ഇനിയെങ്ങോട്ട്,
ഏതു മഴപ്പെയ്ത്തിനൊപ്പം
വീണ്ടെടുക്കാനുള്ള മടക്കം

സര്‍വ ശാപങ്ങളും
എനിക്കിരിക്കട്ടെ
പുലരിതോറും നീ
പുനര്‍ജനിച്ചേയിരിക്കുക !

Monday, May 9, 2011

തീര്‍ന്നുപോയവള്‍


ജലോപരിതലത്തില്‍
നിശ്വാസത്തിന്റെ കുമിളകള്‍
ഉരുകിത്തീര്‍ന്നിരിക്കുന്നു.

ആളിക്കത്തുകയാണ് തിരി

തുറന്നിരിക്കുമ്പോള്‍
കണ്ണില്‍ നിന്നും
വെളുത്ത ചിറകുള്ള കുതിര
കാറ്റിനു പോലും കാത്തിരിക്കാതെ
മേഘങ്ങളിലേക്കു കുതിച്ചു.

തീര്‍ന്നു പോയിരിക്കുന്നു
സൂര്യകാന്തികളുടെ താഴ്‌വരയില്‍
ഒറ്റപ്പെട്ടതു പോലെ..

ഇതിനിടയിലെവിടെയോ
ഒരു വഴിയുണ്ട്
ഉപേക്ഷിച്ച കടിഞ്ഞാണും
മണ്ണിലൊളിച്ചിട്ടും
പ്രകാശം പരത്തുന്ന
നക്ഷത്രത്തിന്റെ കണ്ണും
മഞ്ഞുതുള്ളികള്‍ മൂടിയെങ്കിലും
മായാതിരിക്കുന്ന
കുളമ്പടിയൊച്ചയും
എല്ലാം തീര്‍ന്നുപോയവളെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരോര്‍മ്മപോലും അരുതെന്നും
വരാതിരിക്കനായി
മറവിയില്‍ ചാടിമരിക്കുമെന്നും
പിന്‍വിളിക്കു മുന്‍പ്
പൊള്ളിക്കുന്ന മൗനത്തിന്റെ
ആരവമണിയുമെന്നും
പോവുമ്പോള്‍
വിളിച്ചു പറയുന്നുണ്ടായിരുന്നു.

പൊട്ടിമുളയ്ക്കാന്‍
അടിവേരുപോലും
ബാക്കിവെക്കാതെ
തീര്‍ന്നുപോയിട്ടും

കരിമേഘങ്ങളുടെ
ഹൃദയം പിളര്‍ന്നു പെയ്യുന്നത്
നീ മാത്രമാണെന്ന
വിശ്വാസത്തിലാണു ഞാന്‍...

Monday, April 18, 2011

ഞാനെന്ന ഒരാൾ


അതിരുകളില്ലാത്ത ആകാശം
സ്വപ്നം കണ്ടവൻ
ആയിരം ചിറകുകളുള്ളവൻ
നക്ഷത്രം പാകിയ
സിംഹാസനങ്ങൾക്കു
വാൾ വീശിയവൻ

തിക്തരാത്രികൾ വിളിക്കുന്നു പിന്നെയും
അഗാധശൂന്യത, അനന്തത്തിലിപ്പോഴും
പതിയിരിക്കുന്നോർമ്മകൾ

പണ്ടൊരാൾ ചെങ്കോലെടുത്തു നീട്ടി
കാത്തിരിപ്പുണ്ടു കിരീടമെന്നും പറഞ്ഞു
പടയൊരുക്കത്തിന്റെ തുടക്കം

ഈ സ്വർണക്കൂട്ടിൽ ചങ്ങലക്കിലുക്കത്തിൽ
ഭൂതകാലത്തിന്റെ അപസ്മാര ബാധയിൽ
നുരഞ്ഞു പൊങ്ങുന്ന ഗർവിൽ
ഞാനലിഞ്ഞു ചേരുമ്പോൾ

വീണ്ടും ശൂന്യത
ആരും തുറക്കാതിരിക്കാൻ
ഞാനേ താഴിട്ടു പൂട്ടിയല്ലോ
അവസാനത്തെ കിളിവാതിലും

Sunday, February 13, 2011

പിന്നെയും എന്തിന് ?


നടന്നുതുടങ്ങാം നമുക്കിനി
കടല്‍ക്കര, പാതിരാക്കുളിര്‍

പറയാന്‍ കരുതിയതൊക്കെയും
പലവഴി ചിതറിയെങ്കിലും
ചിലതുണ്ടോര്‍മ്മയായി നെഞ്ചിന്‍
ചെരുവിലെ പൂവിടാചെടികളായ്

മണല്‍ത്തരികളില്‍ മുന്നേ
നടന്നവന്റെ ചരിത്രമുദ്രകള്‍
നമ്മള്‍ കണ്ടപോലായിരം
ചിറകുകള്‍ സ്വപ്‌നത്തിലുള്ളവന്‍
മായിച്ചും പുതുതായി പതിച്ചും
പിന്നിലൊരാള്‍ക്കൂട്ടം, ഒരാരവം

കൂട്ടുകാരാ, വിരല്‍ത്തുമ്പുകൊണ്ട്
എന്തെഴുതാ,നിവിടെയിരിക്കുമ്പോള്‍
പട്ടുപോയ് പ്രണയം, ജീവിതം
മുങ്ങിമരിച്ചു മൗനവും വാക്കും
സൗഹൃദത്തിന്റെ കനല്‍ക്കൊള്ളികള്‍

പിന്നെയും എന്തിനായി പോന്നു
ഇന്നലെ ഇനിയില്ല, സ്മൃതിഭാരം
താങ്ങാന്‍ തലച്ചോറിലിടമില്ല
നിനക്കു നല്‍കാനഭയവുമില്ല

ഞാനോ തപ്തന്‍, കടല്‍ക്കരയില്‍
പുതിയതൊന്നും പറയാനില്ലാതെ
തണുത്തു വിയര്‍ക്കുന്നവന്‍

ഒന്നും കേള്‍ക്കേണ്ടതില്ല, നിനക്കു
കാലം വിധിച്ച ആഴവും ചുഴിയും
അകലെ നമ്മുടെ വഞ്ചികളിലെ വെട്ടം
ആറിത്തണുത്തുറങ്ങും മുമ്പേ
കാത്തിരിക്കുന്നുണ്ടു യാന്ത്രികം ജീവിതം

Wednesday, January 19, 2011

ജാരദുഃഖം

വാക്കു മുറിഞ്ഞുപോയ രാത്രിയില്‍
നമ്മളാരോ വലിച്ചെറിഞ്ഞ
എച്ചില്‍പ്പൊതികളായി തീരുമ്പോള്‍

പൂര്‍വപ്രണയവും ഭ്രാന്തരതിയും
ഞരമ്പു മുറിച്ചൊഴുകുന്ന
ആസക്ത രക്തവും
അവസാന സ്വപ്‌നത്തിന്റെ ആദ്യഞരക്കവും
ഒരു തെരുവുതെണ്ടിയുടെ
തൊണ്ടയില്‍ കുരുങ്ങുന്നു.

വെറുക്കപ്പെട്ട നിമിഷങ്ങളില്‍
പരസ്പരം പകര്‍ന്ന ഉമിനീരില്‍ നിന്നും
നിശബ്ദം
ഒരു പടയൊരുക്കം തുടങ്ങുന്നു

എല്ലാ തെരുവുകളും
ഉറങ്ങാതിരിക്കുന്നതിനാല്‍
ഒരു കുളമ്പടിയൊച്ചപോലും
കേള്‍പ്പിക്കാനാവാതെ
എങ്ങിനെ പ്രണയിക്കാന്‍...

2010 Dec
(പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്)