Monday, October 4, 2010

മീന്‍മണമുള്ള മഴയെക്കുറിച്ച്‌












ആഴ്ചയൊന്നായി നശിച്ച മഴയെന്ന്‌

ഉമ്മറത്തമ്മാവന്റെ പ്‌രാക്ക്‌

മാസം മുമ്പിതേ നാവൊരു

മഴ പെയ്തെങ്കിലെന്ന്‌ പറഞ്ഞിരുന്നു


പാതിരാക്കാണ്‌ അമ്മ വിളിച്ചുണര്‍ത്തിയത്‌

തെക്കേപാടത്ത്‌ പുഴവെള്ളമെത്തി


ഇടിമിന്നല്‍ വെട്ടത്തില്‍ പുറത്തേക്ക്‌

ചേമ്പിലയാല്‍ തലമറച്ച്‌

വരമ്പുകളിലൂടെ വഴുക്കാതെ

ഞങ്ങളെത്രപേര്‍ എത്രകാലം



ചാലിലൂടെ മലവെള്ളത്തില്‍

കല്ലുരുളുന്ന ശബ്ദം

ഇരുളില്‍ കനക്കുന്ന ഭീതിയോരത്ത്‌

മീന്‍ചാട്ടങ്ങളുടെ നിറവ്‌



ചെളിവെള്ളം നിറഞ്ഞ പാടത്തിറങ്ങുമ്പോള്‍

സൂക്ഷിച്ചെന്ന്‌ അമ്മയുടെ കണ്ണുകള്‍

ഞണ്ടിനെ കണ്ട്‌ പേടിച്ച്‌ അമ്മായിയുടെ

സാരിത്തുമ്പില്‍ തൂങ്ങുന്ന പെങ്ങള്‍



ഞങ്ങള്‍ വരമ്പോരത്ത്‌ ചെളിയില്‍

കൈപൊത്തിയമര്‍ത്തുമ്പോള്‍

തോളിലെ തോര്‍ത്തുകളില്‍

കല്ലേമുട്ടിയായും വാളയായും പരലായും

മീന്‍പിടച്ചിലുകള്‍



അതിരാവിലെ ചോലയില്‍ വെച്ച ഒറ്റലില്‍

നീര്‍ക്കോലിയെക്കണ്ടെത്തി



കല്ലടുപ്പില്‍ ചുട്ടെടുത്ത മീനുകള്‍ക്ക്‌

സ്വാദുണ്ടെന്ന്‌ ജ്യേഷ്ഠന്റെ സാക്ഷ്യപത്രം

ചുട്ടെടുത്ത ഞണ്ടിന്‍ കാല്‍

തിന്നേണ്ടതെങ്ങിനെയെന്ന്‌ പാഠം

എല്ലാമറിയാമെന്ന അഹങ്കാരത്തിലാണ്‌ ജ്യേഷ്ഠന്‍



ഞണ്ടിന്റെ വയര്‍ തുറന്നപ്പോള്‍

കുഞ്ഞുങ്ങളുടെ പടയിറക്കം



അടുക്കളയില്‍ മീന്‍ നന്നാക്കുന്ന

അമ്മക്കും അമ്മായിക്കും മുത്തശ്ശിക്കും പറയാന്‍

അയല്‍വക്കക്കാര്‍ക്കു കിട്ടിയ മീനിന്റെ കഥകള്‍

ഇത്തവണ മേലേ വീട്ടുകാര്‍ക്ക്‌ കുറേ കിട്ടിയത്രെ

താഴേ വീട്ടുകാരുടെ ഒറ്റല്‍ തകര്‍ന്നു

ഇടയില്‍ ഉപ്പിലിടേണ്ട മീനിന്റെ

കനത്തേക്കുറിച്ച്‌ അമ്മാവന്‍ ഓര്‍മ്മിപ്പിക്കുന്നു


മീന്‍മണക്കുമോര്‍മകള്‍ തീര്‍ന്നു



ദൂരെ പാടത്ത്‌ മഴയിലും കാറ്റിലും ചാഞ്ഞ

ഒരു തെങ്ങിനപ്പുറം, മണ്ണിടിഞ്ഞ ചോലവക്കില്‍

ഇപ്പോഴും രണ്ട്‌ പേരക്കാ മരങ്ങളുണ്ടാവണം

വേനലില്‍ ചൂണ്ടയിട്ടിരുന്ന കുളം നിറഞ്ഞിരിക്കണം

അടക്കാമരങ്ങളിലെ കിളിക്കൂടുകള്‍ നനയുന്നുണ്ടാവണം

കണ്ണിമാവിന്റെ ചോട്ടില്‍ കളിവീടുകളുണ്ടായിരുന്നിരിക്കണം

ഈ മഴക്കും അവ തകര്‍ന്നിരിക്കും



നഷ്ടപ്പെട്ടെന്നു കരുതിയതായിരുന്നു,

എന്റെ ബാല്യം കടമെടുത്ത്‌ ഇപ്പോഴും

അവിടെയുണ്ടാരൊക്കെയോ..



ഒരു മഴ കൂടി വരുന്നുണ്ട്‌

വയല്‍ വരമ്പില്‍ വഴുക്കാതെ

എനിക്കു പകരം ആരോ…



(പുഴ.കോമില്‍ പ്രസിദ്ധീകരിച്ചു വന്നത് - 2007)

1 comment:

  1. nashtabalyathinte ormakalunarthunna manoharamaya rachana

    ReplyDelete